11:53am 28 October 2026
NEWS
ചെറാനല്ലൂർ അപകടം: ജഡ്ജിയുടെ സസ്പെൻഷനിൽ ഹൈക്കോടതിയുടെ തീരുമാനം ഉടൻ; കുടുംബം കോടതിയെ സമീപിക്കുന്നു
28/10/2026  08:57 AM IST
ചെറാനല്ലൂർ അപകടം: ജഡ്ജിയുടെ സസ്പെൻഷനിൽ ഹൈക്കോടതിയുടെ തീരുമാനം ഉടൻ; കുടുംബം കോടതിയെ സമീപിക്കുന്നു

 

 

ന്യൂസ് ബ്യൂറോ


​കൊച്ചി: ചെറാനല്ലൂരിൽ ആഡംബര കാറിടിച്ച് സ്കൂട്ടർ യാത്രികൻ ജയകൃഷ്ണൻ മരിച്ച സംഭവത്തിൽ, കാറോടിച്ചിരുന്ന 17കാരന്റെ പിതാവായ ജുഡീഷ്യൽ ഓഫീസർക്കെതിരായ നടപടികൾ അന്തിമഘട്ടത്തിലേക്ക്. സംഭവത്തിൽ ജഡ്ജിയെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ല ജുഡീഷ്യറിയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിട്ടുണ്ടെങ്കിലും, ചീഫ് ജസ്റ്റിസ് സൗമെൻ സെന്നിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
​മോട്ടോർ വാഹന നിയമത്തിലെ 199-എ വകുപ്പ് പ്രകാരം വാഹനത്തിന്റെ ഉടമയായ ജുഡീഷ്യൽ ഓഫീസറാണ് കേസിൽ പ്രധാന പ്രതിയാവുക. ഇതിന്റെ അടിസ്ഥാനത്തിൽ കാറിന്റെ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. വാഹനത്തിന്റെ ഉടമയായ ജഡ്ജിക്ക് ഇന്ന് കാരണം കാണിക്കൽ നോട്ടീസ് നൽകും. പ്രായപൂർത്തിയാകാത്ത മകന് കാർ ഓടിക്കാൻ നൽകിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൂടാതെ, 17കാരന് 25 വയസ്സ് തികയുന്നതുവരെ ലൈസൻസ് അനുവദിക്കാതിരിക്കാനുള്ള നടപടികളും സ്വീകരിക്കും. ആർ.ടി.ഒ ടി.പി. യൂസഫിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാറിന് സാങ്കേതിക തകരാറുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും, അമിതവേഗതയും നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടകാരണമെന്നും വ്യക്തമായി.
​അതിനിടെ, പുലർച്ചെ 1.36-ന് ആലുവയിലെ ഫ്ലാറ്റിൽ നിന്ന് കാർ ഓടിച്ചുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 2.20-ഓടെയായിരുന്നു ദാരുണമായ അപകടം നടന്നത്.
​നിയമപോരാട്ടവുമായി കുടുംബം
കുറ്റക്കാരായ 17കാരനും ജഡ്ജിയായ പിതാവിനുമെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജയകൃഷ്ണന്റെ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ജഡ്ജിയെ സർവീസിൽ നിന്ന് മാറ്റിനിർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും, ജുവനൈൽ ജസ്റ്റിസ് ബോർഡ് 17കാരന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോടതിയിലും ഹർജി നൽകുമെന്ന് ജയകൃഷ്ണന്റെ മകൾ ഭദ്രകീർത്തി അറിയിച്ചു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെങ്കിലും നീതിക്കായി നിയമനടപടികൾ ശക്തമായി തുടരുമെന്ന് കുടുംബം വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെ ചേരാനല്ലൂർ സ്റ്റേഷനിലെത്തിയ ജയകൃഷ്ണന്റെ മക്കളായ ഭരത് ശങ്കർ, ഭദ്രകീർത്തി, ഭാഗ്യ ദർശൻ എന്നിവർ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img